Wednesday, May 6, 2015

ദൈവസമ്മേളനം

ദൈവസമ്മേളനം
===============
ദൈവങ്ങളെല്ലാവരും
അടിയന്തിരമായി ഒത്തുകൂടി.
സമ്മേളന നഗരിയ്ക്ക്
'സൗഹാര്‍ദ്ദ നഗര്‍'
എന്നായിരുന്നു പേര്.
തങ്ങളുടെ പേരിലുള്ള
മതങ്ങളും, അവ
തമ്മിലുള്ള യുദ്ധങ്ങളും
ആയിരുന്നു അജണ്ട.
കൃത്യ സമയത്തു തന്നെ
ഈശ്വര പ്രാര്‍ത്ഥനയോടെ
യോഗം തുടങ്ങി.
എല്ലാവരും പരസ്പരം
വാദ-പ്രതിവാദങ്ങള്‍ നിരത്തി.
നിലനില്‍പ്പിനായി
കൂട്ടകുരുതിയുടെ
ആവശ്യകതയെ കുറിച്ച്
ദാര്‍ശനികമായി തര്‍ക്കിച്ചു.
സമ്പൂര്‍ണ്ണ മത-വര്‍ഗ്ഗീയ
യുദ്ധനിരോധനം തന്നെ
വേണമെന്ന് ഒടുവില്‍
യോഗം ഐക്യകണ്ഠേന
തീരുമാനിച്ചു ...
സമ്മേളന തീരുമാനം,
ഉപരി സഭയായ -
പൂജാരിമാര്‍, വികാരിമാര്‍ ,
മൌലവിമാര്‍ എന്നിവര്‍ അടങ്ങിയ -
പൗരോഹിത്യസഭയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചു കൊണ്ട്
യോഗം പിരിഞ്ഞു ...........

No comments: