Monday, August 6, 2018

തിരികെ


തിരികെ
* * * * * * * *
ഉണർവിന്റെ പുലർവെട്ട -
മെത്തുന്ന വേളയിൽ,
എന്നുമെൻ ശയ്യയിൽ 
പരതുന്നു നിന്നെ ഞാൻ.
നീലകടമ്പിന്റെ ചേലൊത്ത പെണ്ണേ!
ഈറൻ മുടിയുമായി
ഇളംതെന്നൽ പോലെ നീ
വരുവതും കാത്തു ഞാൻ
നിൻ പദനിസ്വനം
കാതോർത്തിരിക്കയാണ്!
ആഴക്കടലിൽ മുത്തും
പവിഴവും ചിപ്പിയിലാക്കുവാൻ
പോയതാണോ ?
ആകാശചരിവുകളിലൊരു
കുടം വെള്ളവുമൊക്കത്തു
വെച്ചു നീ മഴമേഘതേരേറി
പോയതാണോ?
മഴനൃത്തമാടുന്ന മയിലിന്റെ
പീലിയിൽ ചായം പുരട്ടുവാൻ
പോയതാണോ?
നീലകടമ്പിന്റെ ചേലൊത്ത
പെണ്ണേ!
തിരികെ വരിക നീ
തിരികെ വരിക നീ
വിരഹതാപത്തിന്റെ
ഹൃദ്ശൂലമേലെ നീ
പ്രണയതൈലം പുരട്ടി തടവുക!
തിരികെ വരിക നീ
തിരികെ തരിക നീ
മമജീവരാഗത്തിൻ
നഷ്ടതാളങ്ങളൊക്കയും!
തിരികെ വരിക നീ
തിരികെ നിറയ്ക്ക നീ
മൂന്നിതൾ പൂവിലെ
മധുവും മകരന്ദവും!
തിരികെ വരിക നീ
തിരികെട്ടു നിറംകെട്ട
ഏകാന്ത രജനികളിൽ
തുഷാരം പൊഴിക്കുന്ന
പൂർണേന്ദുമുഖിയായി,
നിലാവൂറുന്ന നിശാഹാസ ഗന്ധമായി!

No comments: