Thursday, October 22, 2015

സ്വവിരാമം

സ്വവിരാമം
.....................
തെരുവിലെ തിരക്കുകളിൽ
ചോരയൊലിച്ച് വിറങ്ങലിച്ചുള്ള
തിരിച്ചുപോക്ക് എനിക്ക് പേടിയാണ്.
എൻ്റെയെന്ന് കരുതിയതൊക്കയും
അറ്റ്, ചെകിടു തുളയ്ക്കുന്ന ചൂളംവിളികളിൽ
മുങ്ങിയുള്ള തീവണ്ടി മരണവും വയ്യ.
അരുതാത്ത കാഴ്ച്ചയ്ക്ക് അറിയാതെ
സാക്ഷിയായതിന് , നെഞ്ച് പിളർന്നുള്ള
അപായ ഒടുക്കവും,ഓര്‍ക്കാനും കൂടി വയ്യ.
അസഹ്യമാകുമ്പോൾ ഉറഞ്ഞു തുള്ളുന്ന
പ്രകൃതിയുടെ കലിയ്ക്കടിയിൽ
അടിഞ്ഞുള്ള മരണവും മടിയാണ്.
സിരകളിൽ സൂചികൾ തുളച്ച്,
ഉറ്റവരുടെ ഉറക്കം കളഞ്ഞ്,
മരുന്നുഗന്ധമുള്ള മരണവും മടുപ്പാണ്.
എല്ലാ തയ്യാറെടുപ്പോടും കൂട്ടി
എല്ലാ യാത്രാമൊഴികളും ചൊല്ലി ,
എൻ്റെ മടക്കയാത്ര എൻ്റേതു
മാത്രമാക്കാനാണ് എനിക്കിഷ്ടം

No comments: