Tuesday, May 14, 2013

വാഴ്വ്

വാഴ്വ് 
=====
 മണ്ണില്‍ വീണ ധാന്യ
മണിയാണ് ഞാന്‍ 

പൊട്ടിച്ചിതറി കതിരായ് മാറാം 
(ഞാനേ ഇല്ലാതായി 
എന്നിൽ നിന്ന് ഒരു 
നൂറു കതിര്‍മണികള്‍ )
   അല്ലെങ്കില്‍ 
പുറംതോടിന്റെ ദൃഡ 
സുരക്ഷയില്‍ ഘനീഭവിച്ച്ചിരിക്കാം 
(കാലാന്തരത്തിൽ ചീഞ്ഞടിയാം )

സ്ഫുടം ചെയ്ത നിറവായി 
ജീവിതമീ വഴിയിൽ 
സ്വാര്‍ഥസുഖ ജീവിതം 
മറു വഴിയില്‍ 

തിരഞ്ഞെടുക്കലിന്റെ നിമിഷങ്ങളിൽ 
പൊട്ടിച്ചിതറാനാണെനിക്കിഷ്ടം 
ശീലമ ണ്‍ ചെയ് ത  കുടത്തില്‍ 
അഗ്നിയിലമാരാനനെനിക്കിഷ്ടം

Friday, May 10, 2013

ധര്‍മ്മ പഥം

ധര്‍മ്മ പഥം 
=========

വെളിച്ചത്തിനു നിഴലുകളില്ല 
               ഇരുട്ടിനും 
വഴിയറിയാത്ത പഥികന്റെ 
ജെല്പനങ്ങളാണു നിഴലുകള്‍ 

ശലഭം പൂവിനോടും 
പുഴ കല്ലിനോടും 
കാറ്റ് മരത്തിനോടും 
മഴ മണ്ണിനോടും 
മൗനത്തിലാണു 

എന്റെ നിശബ്ദ നിമിഷങ്ങള്‍ 
അവനോടുള്ള നിരന്തര  
      സംസാരമാണ് 

ചക്രവാളങ്ങള്‍ക്കപ്പുറമോ 
വെണ്മേഘങ്ങള്‍ക്കിടയിലോ 
അല്ല അവന്‍ 

ഹൃദയ ഭിത്തികള്‍ക്കുള്ളില്‍ 
താമര തളികയില്‍ ഒരു 
ചെറുതരിയായി അവൻ 

 കടല്‍ മീനായി 
കൂര്‍മ്മമായി 
കാട്ടുപന്നിയായി
കാട്ടാളനായി 
കൃഷിക്കാരനായി 
കാര്‍വര്‍ണ്ണനായി 
തിരുഹൃദയ രക്തം 
ജീവന്റെ വീഞ്ഞായി 
പകര്‍ന്നവനായി 
മരുഭൂമിയിലെ 
കനിവിന്റെ 
നിരാകാരരൂപമായി 
പരമ കാരുണ്യവാനായി 
ത്യാഗപഥങ്ങളുടെ 
ബോധതലങ്ങളില്‍ 
സത്വനായി 
അവന്റെ വിശ്വരൂപം 

മൗന വാല്മീകങ്ങളില്‍ 
മനന മന്ത്രങ്ങളാല്‍ 
കിരാതന്‍ ഗന്ധര്‍വനാകുന്നു 

പക്വമായ ഫലം 
ഞെട്ടറ്റു വീഴുന്ന പോലെ 

ആ മിന്നല്‍പിണരിനായി 
കാത്തിരിക്കുകയാണ് 
എല്ലാം ഉടച്ച്ചുവാര്‍ക്കുന്ന
ആ മിന്നല്‍പിണരിനായി 

Monday, May 6, 2013

ജൈവ കണം

ജൈവ കണം 
===========

ഏതു യുദ്ധമായാലും 
മക്കളേം കൂടപിറപ്പുകളെം 
കൊന്നിട്ടുള്ള മോക്ഷം 
എനിക്ക് വേണ്ട 

ഭിക്ഷാപാത്രതില്‍ 
ആരു മാംസതുണ്ടം 
തന്നാലും ഞാന്‍ വലി 
ചെറിയുക തന്നെ ചെയ്യും 

നിരാലംബകളോ 
അബലകളൊ 
ആയി കൊള്ളട്ടെ 
ഞാനൊരു പെണ്ണിനെ 
പുടവ കൊടുക്കു 

അപരനു ദോഷം 
വരുത്താത്ത ഏതു 
പാപിയെറിയുന്ന 
കല്ലേറുകളും ഞാൻ 
ഏറ്റു വാങ്ങികൊള്ളാം 

വ്യാഖ്യാനിച്ചു വികൃതമാക്കിയ 
ചിലരുടെ മാത്രം കുത്തകകളാക്കിയ
ദൈവങ്ങളെയല്ല
 ഞാൻ തിരയുന്നത് 

തൊഴിലു ചെയ്യുന്നവന്റെ   
പേരില്‍  തൊഴിലുചെയ്യാതിരി 
ക്കുന്നവനെയുമല്ല 

ഹിമാനികളിലെ മഞ്ഞുരുകുമ്പോള്‍ 
അടികാടുകളില്‍ മഴു വീഴുമ്പോള്‍ 
ഭൂമാതാവിനു ചുട്ടുപൊള്ളുമ്പൊള്‍ 
നദികളോട് നന്ദികേടുകാട്ടമ്പോള്‍ 
പാറമലകള്‍ തകരുമ്പോള്‍ 

കണ്‍കോണുകളിലൊരു 
അശ്രുകണം വരുത്തുന്ന 
നെഞ്ചിലൊരു നീറ്റലുണര്ത്തുന്ന 
ആ കണികയാണ് ഞാൻ 
തിരയുന്നത് ....... 
ദൈവകണത്തെയല്ല 
ജൈവകണത്തെ 

Monday, April 29, 2013

മാലിന്യം

മാലിന്യം 
=======

വിജനമാം വഴിയോരങ്ങളില്‍ 
തണല്‍  മരങ്ങള്‍ തന്‍ 
സുഖശീതളതകളില്‍ 
വരണ്ട മഴകാടുകളില്‍ 
ഒഴുകില്ലാ പുഴയില്‍ 

കാഴ്ചകളുടെ കോണുകളി
ലെല്ലാം ഉപേക്ഷികപ്പെട്ട 
അര്‍ബുദ  പൊതികള്‍
അഴുകിപരക്കുന്ന 
അളിഞ്ഞ ഗന്ധങ്ങള്‍ 

കൂടുമ്പോളെല്ലായിമ്പ 
ങ്ങളും പൊയ്പോയ 
കുടുംബങ്ങള്‍ തന്നിലെ
ചീഞ്ഞയസ്വാരസ്യങ്ങള്‍ 

അവിഹിതജന്മങ്ങള്‍ തന്‍ 
ചാപിളകളും മറുപിള്ളകളും
  
'ഉടുപ്പിട്ട' കോഴികള്‍ തന്‍ 
ആടയാഭരണങ്ങള്‍ 

ആര്‍ത്തവ പൊതികള്‍ 

ആഘോഷങ്ങളിലാകാശം 
നഷ്ടപ്പെട്ട ബലിയാടു- 
കളുടെ ഉടലറ്റ കബന്ധങ്ങള്‍ 

കുടിവെള്ളത്തിന്റെ 
വെള്ളംകുടിയുടെ 
ഒഴിഞ്ഞ കുപ്പികള്‍ 

വലിച്ചെറിയപ്പെട്ട ജീവിത 
ങള്‍ പോലും പെറുക്കിയെ
ടുക്കാത്ത  ആഡ്യകിറ്റുകള്‍ 

ഒരുനൂറൂ വര്‍ണ്ണങ്ങളില്‍ 
കൗതുകങ്ങളില്‍ 
ചീനക്കാരുടെ ചവറുകള്‍ 

കാഴ്ച്ചയുടെ കൊണുകളിലെല്ലാ 
 മീയുപേക്ഷികപെട്ട പൊതികള്‍ 

അരുത് സോദരാ അരുതുനീ 
യീഭ്രാന്തിനെ സംസ്കാരമെന്ന് 
മാത്രം വിളിക്കരുതേ 
എല്ലാ സത്തും വലിചൂറ്റി 
എറിയുന്ന കാമമാണിത് 
ഉപഭോഗകാമം

ചാക്കിലാക്കിയെല്ലാം 
വലിച്ചെറിയാം 
അച്ച്ഛനെ 
അമ്മയെ 
പ്രണയിനിയെ 
പ്രിയതമനെ 
കുരുന്നു മൊട്ടിനെ 
വിടരുന്ന പൂവിനെ 
പിറന്ന മണ്ണിനെ 

ലോകം സുഖമായിരിക്കട്ടെ 
(എന്റെ വീട് എന്റെ ലോകം )
ശാന്തി: ശാന്തി :  ശാന്തി :

Saturday, April 20, 2013

പ്രണയഗീത

പ്രണയഗീത 
==========

ഏറ്റവും വലിയ അദ്വൈതം 
       പ്രണയമാണ് 
എല്ലാം നീയാണ് 
നീ ഞാനും 

ഏറ്റവും വലിയ പ്രാര്‍ത്ഥന 
      പ്രണയമാണ് 
ഒരു നിറചിരിക്കായി 
ഒരായിരം അര്‍ച്ചനകള്‍ 

ഏറ്റവും വലിയ വൈരാഗ്യം 
     പ്രണയമാണ് 
വിയര്‍പ്പിന്റെ ദുര്‍ഗന്ധം പോലും 
മധുരതരമായ അനുഭൂതി 

ഏറ്റവും വലിയ ത്യാഗം 
  പ്രണയമാണ് 
'അഹ 'ത്തിന്റെ അവസാന 
അണുവും നിന്റെ കാല്കീഴില്‍ 

ഏറ്റവും വലിയ ധ്യാനം 
   പ്രണയമാണ് 
 കാല ദേശങ്ങള്‍ക്കും 
അവസ്ഥകള്‍ക്കും അപ്പുറമുള്ള 
നിര്‍വൃതി 

ഏറ്റവും വലിയ അറിവ് 
പ്രണയമാണ് 
രാധ കൃഷ്ണനില്‍ 
അലിഞ്ഞപോലെ 

ഈ യാത്രയുടെ ലക്ഷ്യവും
 നിയോഗവും  അതാണ്‌ 

Friday, April 19, 2013

ഔഷധി

ഔഷധി 
======

ആരണ്യാന്തരഗര്‍ഭത്തില്‍ 
ആര്‍ഘ്യങ്ങളര്‍പ്പിച്ചു ജ്ഞാന 
വൃദ്ധനാം മുനി വൃക്ഷാ -
ത്മനോടുരചെയ്തു 
" മൊഴിയുക  ദേവാ മൊഴിയുക 
നിന്നിലന്തര്‍ലീനമാം 
നിഗൂഡതകളെന്നോടു മൊഴിയുക "

ഗുപ്തമായമരുന്ന രസഗന്ധങ്ങളും 
അതിസൂക്ഷ്മമാം സ്വാദും 
ഉത്കൃഷ്ട വീര്യവും 
ഉജ്ജ്വല പ്രഭാവവും 
മരമൊഴിയായി  പകരുക നീ 

ജീവന്റെയാദ്യ രേതസ്സില്‍
നിന്ന്  സ്ഥാവര ജന്മമായി 
നിന്‍ ഹരിതോല്പത്തിയും 

തെന്നലുകളിലിളകിയാടുന്ന 
ഇലച്ചാര്‍ത്തുകളിലാദിത്യ 
ശക്തി അന്നമാക്കുന്ന നൈപുണ്ണ്യവും 

യന്ത്രസര്‍പ്പങ്ങള്‍ തുപ്പുന്ന 
കൊടിയ വിഷപുകകള്‍ 
വലിച്ചൂറ്റി നീയമൃതപ്രാണന്‍ 
പകര്‍ന്നു  നല്‍കുന്നതും 

കോശങ്ങളില്‍ ദോഷങ്ങളില്‍ 
നിന്‍  രാസയനിക ക്രിയകള്‍ 
തന്‍  കാണാചരടുകള്‍ 

ഒരായിരം പ്രാണികള്‍ക്ക
ഭയമായി  ആവാസമായി 
നീ  മാറുന്നതും.... 

നിന്റെയപാര  മഹിമകള്‍ 
അളവറ്റ കനിവിന്റെ 
ഫലശ്രുതികള്‍ ... 

ശ്രുതിയായി സ്മൃതിയായി 
ആമയതപ്തരില്‍ 
അമൃതായി നീയലിഞ്ഞിറങ്ങുക 
അവന്റെ ഒടുങ്ങാത്ത 
ജന്മാന്തര പാപകറകള്‍ 
കഴുകികളയുക ...... 

"മൊഴിയുക  ദേവാ മൊഴിയുക 
നിന്നിലന്തര്‍ലീനമാം 
ജന്മരഹസ്യങ്ങളെന്നോട് 
മൊഴിയുക നീ ... "

മരത്തില്‍  നിന്നുനീ അമരനായി മാറട്ടെ !

Wednesday, April 17, 2013

വാര്‍ദ്ധക്യം

വാര്‍ദ്ധക്യം 
++++++++

"വാതിലുകള്‍ തുറക്കല്ലേ 
       ജനാലകളും "

നൂല് പൊട്ടിയ പട്ടങ്ങള്‍ ...... 
മണ്ടയടച്ച തെങ്ങുകള്‍ .... 
കരിഞ്ഞുണങ്ങിയ വയലുകള്‍ ... 
ചീറിയടിക്കുന്ന പൊടികാറ്റുകള്‍ ... 
ഉഷ്ണം കൂട്ടുന്ന ചാറല്‍ മഴകള്‍ .... 

പുറം കാഴ്ചകള്‍ മടുപ്പിച്ചു 
തുടങ്ങിയപ്പോള്‍ 
അടച്ചുവെച്ചതാണെല്ലാം 

ദ്രവിച്ചു തുടങ്ങിയ ചിന്തകള്‍ .... 
പടിയിറങ്ങിയ ഓര്‍മ്മ .... 
ചിതലരിച്ച വാക്കുകള്‍ .... 
തൈലം മണക്കൂന്ന മനസ്സ് ... 

അകകാഴ്ചകള്‍ മടുപ്പിച്ചു 
തുടങ്ങിയപ്പോ 
അടച്ചുവെച്ചതാണെല്ലാം 

വാതായനങ്ങളുടെ 
വാതംപിടിച്ച വിജാഗിരികള്‍ 
അടച്ചു വെച്ചിരിക്കുന്നത് 
അവസാന ശ്വാസത്തെയാണ് 
ആര്‍ദ്രമായ മൗനത്തെയാണ് 

ആറടി മണ്ണിന്റെ 
ആഴങ്ങളില്‍ 
പിന് വിളികളില്ലാതെ 
അലിഞ്ഞമരുമ്പോള്‍ 
എല്ലാ അടപ്പുകളും തുറക്കും 

അതുകൊണ്ട് .. ഇപ്പോള്‍ 
'വാതിലുകള്‍  തുറക്കല്ലേ 
       ജനാലകളും  "